ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കേ ഗവർണറുടെ നടപടിയിൽ ഉറ്റുനോക്കി സർക്കാർ
തിരുവനന്തപുരം: പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവർണറുടെ നടപടിയെ ഉറ്റുനോക്കി സർക്കാർ. ലോകായുക്ത ഓർഡിനൻസിൽ ഉൾപ്പെടെ ഗവർണർ ഒപ്പിടുമോ ഇല്ലയോ എന്നതാണ് നിർണ്ണായകമായ കാര്യം. അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് കണ്ടിട്ടും ഗവർണർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കാലാവധി തീരാനിരിക്കുന്ന 11 ഓർഡിനൻസുകളിൽ നിലപാട് എടുക്കാതെ രാജ്ഭവൻ മാറ്റിവയ്ക്കുന്നുവെന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓർഡിനൻസുകളിൽ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയില്ല. പകരം സർവകലാശാലയിലെ വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.
ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളിയാഴ്ച മാത്രമേ സംസ്ഥാനത്ത് തിരിച്ചെത്തൂ. ഫലത്തിൽ, ഗവർണർ ഇന്ന് ഒപ്പിട്ടില്ലെങ്കിൽ, ഓർഡിനൻസ് കാലഹരണപ്പെടും. അങ്ങനെ സംഭവിച്ചാൽ മന്ത്രിസഭയ്ക്ക് വീണ്ടും ഓർഡിനൻസ് പുറപ്പെടുവിക്കാം. അപ്പോഴും ഗവർണർ അതിൽ ഒപ്പിടണം. ലോകായുക്ത ഭേദഗതി ഓർഡിനൻസ് സർക്കാരിന് ഏറെ പ്രാധാന്യമുള്ളതാണ്. ഓർഡിനൻസ് കാലഹരണപ്പെട്ടാൽ പഴയ ലോകായുക്ത നിയമം പ്രാബല്യത്തിൽ വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചതിന് മുഖ്യമന്ത്രിക്കെതിരായ കേസ് വാദങ്ങൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ ലോകായുക്ത മാറ്റിവച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ പല തവണ കണ്ടതുപോലെ, സർക്കാരിനെ ആശങ്കയിലാക്കിയ ശേഷം ഗവർണർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമോ അതോ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന് കണ്ടറിയണം.