ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു; കക്കി ഡാം ഇന്നു തുറക്കും
തിരുവനന്തപുരം: ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു. ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വീതം വെള്ളമാണു ഒഴുക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി. സെക്കൻഡിൽ 12,667 ഘനയടിയാണ് വെള്ളത്തിന്‍റെ ഒഴുക്ക്. സെക്കൻഡിൽ 3,545 ഘനയടി വെള്ളമാണ് പത്ത് ഷട്ടറുകളിലൂടെ ഒഴുക്കുന്നത്. സെക്കൻഡിൽ 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഇന്ന് തുറന്നുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മഴ പെയ്യാനുള്ള സാധ്യതയും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തുന്നതും കണക്കിലെടുത്താണ് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ ഉയർത്തിയിരിക്കുന്ന മൂന്നു ഷട്ടറുകൾ കൂടുതൽ ഉയർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക. ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്‍റെ അളവും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവും കൂടി കണക്കിലെടുത്താകും തുറന്നുവിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 10 മണിക്ക് ഡാം തുറക്കും. സംഭരണികളിലെ ജലനിരപ്പ് റൂൾ കർവ് എത്തിയതിനെ തുടർന്നാണ് കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്. ആനത്തോട് ഡാമിന്‍റെ 4 ഷട്ടറുകളിലൂടെ 100 ഘനയടി വെള്ളമാണ് ഒഴുക്കി വിടുക. പമ്പാനദിയിലെ ജലനിരപ്പ് പരമാവധി 30 സെന്‍റീമീറ്ററിൽ കൂടുതൽ ഉയരില്ല. തുറന്നുവിടുന്ന വെള്ളം ആനത്തോട് കക്കിയാർ വഴി 2 മണിക്കൂറിനുള്ളിൽ പമ്പ ത്രിവേണിയിലെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.