മഹാരാഷ്ട്രയിൽ 14 പുതിയ മന്ത്രിമാർ ഇന്ന് അധികാരമേല്‍ക്കും
മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന് 40 ദിവസത്തിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമുള്ള 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ശിവസേനയിൽ നിന്ന് മൂന്ന് പേരും ബിജെപിയിൽ നിന്ന് 11 പേരും ഉൾപ്പെടെ 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ ,രാധാകൃഷ്ണ വിഖേ പാട്ടീൽ, സുരേഷ് ഖാഡെ, അതുൽ മൊറേശ്വർ സേവ്, മംഗൽ പ്രഭാത് ലോധ, വിജയകുമാർ ഗാവിത്, രവീന്ദ്ര ചവാൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കൾ. ഒരു വനിതാ മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങുകൾ. ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ഗുലാബ് രഘുനാഥ് പാട്ടീൽ, സദ സർവാങ്കർ, ദീപക് വസന്ത് കേസർകർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചതിനാൽ ആഭ്യന്തരം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾക്ക് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.