മുല്ലപ്പെരിയാർ എല്ലാ അർഥത്തിലും സുരക്ഷിതം ; ആശങ്ക വേണ്ടെന്ന് എം.കെ. സ്റ്റാലിൻ
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുല്ലപ്പെരിയാറിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. ഡാം എല്ലാ അർത്ഥത്തിലും സുരക്ഷിതമാണെന്നും റൂൾ കർവ് അനുസരിച്ചാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.
ഡാമും ഡാമിലേക്കുള്ള നീരൊഴുക്കും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. വൈഗ ഡാമിലേക്ക് അധിക ജലം എത്തിച്ചാണ് റൂൾ കർവ് പിന്തുടരുന്നത്. ഡാമിന് താഴെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഡാം മാനേജ്മെന്‍റ് ടീം സ്വീകരിച്ചിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ ഡാം തുറന്ന്, വെള്ളം ഒഴുക്കില്ല. കേരളത്തിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം നിരന്തരം ചർച്ച ചെയ്യുന്നുണ്ടെന്നും തുടർച്ചയായ ആശയവിനിമയം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്‍റെ കത്തിന് മറുപടിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.