‘എന്റെ മനസിലെ കുഴികൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ല’

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിക്ക് അസഹിഷ്ണുതയുണ്ടെന്നും അരി എത്രയെന്ന് ചോദിച്ചാൽ മന്ത്രിയുടെ മറുപടി പയറഞ്ഞാഴി എന്നാണെന്നും സതീശൻ പറഞ്ഞു. റോഡിലെ കുഴികളെക്കുറിച്ച് സംസാരിക്കുമ്പോൾ തന്‍റെ മനസ്സിലെ കുഴി അടയ്ക്കാനാണ് മന്ത്രി പറയുന്നത്. എന്നാൽ തന്‍റെ മനസ്സിലെ കുഴി കൊണ്ട് ആരും മരിക്കില്ലെന്നും സതീശൻ പറഞ്ഞു.

ദേശീയപാത വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും പൊതുമരാമത്ത് പാതയുടെ വിഷയത്തിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെയും ഞങ്ങൾ വിമർശിച്ചു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാലാണ് റിയാസിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്. കാലവർഷത്തിന് മുമ്പുള്ള അറ്റകുറ്റപ്പണികളൊന്നും സംസ്ഥാനത്ത് നടന്നിട്ടില്ല. 322 കോടി രൂപ വകയിരുത്തിയിട്ടും കാലവർഷം അവസാനിക്കാറായിട്ടും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.അതിന്റെ നിരവധി രേഖകളും ഹാജരാക്കി. പ്രീ മണ്‍സൂണ്‍ വര്‍ക്ക് പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കായി നടക്കാന്‍ പോകുകയാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നു.”

“2017 ൽ സ്ഥാപിച്ച പിഡബ്ല്യുഡിയുടെ മെയിന്‍റനൻസ് വിഭാഗം 2021 ലാണ് പ്രവർത്തനം ആരംഭിച്ചത്. അവരും പി.ഡബ്ല്യു.ഡി റോഡ് വകുപ്പും തമ്മിലുള്ള തർക്കമാണ് പണി വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അതിനെ കുറിച്ച് മറുപടികളില്ല. നാഷനല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറിയ സ്ഥലത്തും പിഡബ്ല്യുഡിയുടെ എൻഎച്ച് വിഭാഗം റോഡ് വിഭാഗം പണി നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകളും ഹാജരാക്കി. അതിനും പ്രത്യേക മറുപടിയില്ല. എന്‍എച്ച്എഐക്കു കൈമാറിയ റോഡിലെ കുഴിയും പിഡബ്ല്യുഡിക്ക് അടയ്ക്കാന്‍ പറ്റുമെന്ന് വ്യക്തമായിരിക്കുകയാണ്’. സതീശൻ പറഞ്ഞു.