‘ഷി ജിൻപിങ് പ്രതികരിക്കുന്നത് ഭയന്ന വഴക്കാളിയെപ്പോലെ’
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി. തായ്‌വാൻ സന്ദർശനത്തോടുള്ള ഷി ജിൻപിങിൻ്റെ പ്രതികരണം ഭയന്ന വഴക്കാളിയെപ്പോലെയാണെന്ന് പെലോസി പറഞ്ഞു.
കോൺഗ്രസിന്‍റെ പദ്ധതികളെ നിയന്ത്രിക്കാൻ ചൈനയ്ക്ക് കഴിയില്ല. തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ എതിർക്കും. ഭയന്ന വഴക്കാളിയെപ്പോലെയാണ് ജിൻപിങ് പ്രതികരിക്കുന്നതെന്നും നാൻസി പെലോസി പറഞ്ഞു.
യുഎസ് പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ എത്തിയതിന് പിന്നാലെ ശക്തമായ തയ്യാറെടുപ്പുകളുമായി ചൈന രംഗത്തെത്തിയിരുന്നു. സൈനിക വാഹനങ്ങളും കപ്പലുകളും കൊണ്ട് ചൈന പൂർണ്ണമായും സജ്ജമായിരുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്നുള്ള ഫുജിയാൻ പ്രവിശ്യയിൽ 300 ലധികം ആയുധ ടാങ്കുകൾ സജ്ജീകരിച്ചിരുന്നു. നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് തടയിടാൻ ചൈന ഇതിനകം തന്നെ ശ്രമിച്ചിരുന്നു. അമേരിക്കയ്ക്കെതിരെ ഭീഷണി മുന്നറിയിപ്പുകളും പ്രകോപനപരമായ നീക്കങ്ങളും ചൈന നടത്തിയിരുന്നു.