‘ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ല’
ന്യൂഡൽഹി: ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത ഭേദഗതി ഉൾപ്പെടെ സംസ്ഥാന സർക്കാർ സമർപ്പിച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി. ഇതിന് പിന്നാലെ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിനൊപ്പം പോകാൻ താൽപര്യമില്ല. ഒരു ജനാധിപത്യ സംവിധാനത്തിലാണ് നാം ജീവിക്കുന്നത്. ഞാൻ എന്റെ ജോലി ചെയ്യുന്നു. ആരും എന്നെ നിയന്ത്രിക്കുന്നില്ല. ഞാൻ എന്റെ തീരുമാനങ്ങളും ബോധപൂർവ്വമായ കാര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. അവർക്ക് എന്നെ വിമർശിക്കാം, നിരസിക്കാം. ചെയ്യാൻ പറ്റുന്നതെന്തും ചെയ്യാം’ ഗവർണർ പറഞ്ഞു.
അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ കണ്ടിട്ടില്ലാത്ത ഒരു റിപ്പോർട്ടിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.