മുൻകരുതൽ ഡോസായി കോർബെവാക്സിന് അംഗീകാരം

ന്യൂഡല്‍ഹി: കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ എന്നിവ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 18 വയസിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി ബയോളജിക്കൽ ഇ കോർബെവാക്സിന് സർക്കാർ അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്ത് ആദ്യമായാണ് കൊവിഡിനെതിരായ ബൂസ്റ്റർ ഡോസായി
പ്രാഥമിക വാക്സിനേഷന് ഉപയോഗിച്ച വാക്സിനിൽ നിന്നും വ്യത്യസ്തമായ വാക്സിൻ അനുവദിക്കുന്നത്. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിഎജിഐ) കോവിഡ് -19 വർക്കിംഗ് ഗ്രൂപ്പ് അടുത്തിടെ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം.

കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡ് വാക്സിനുകളുടെ രണ്ടാം ഡോസ് നൽകിയ തീയതി മുതൽ ആറ് മാസമോ 26 ആഴ്ചയോ പൂർത്തിയായതിന് ശേഷം 18 വയസിന് മുകളിലുള്ളവർക്ക് കോർബെവാക്സിനെ മുൻകരുതൽ ഡോസായി പരിഗണിക്കും.