പി.കെ.കാളന്‍ പുരസ്‌കാരം ചെറുവയല്‍ രാമന്
തിരുവനന്തപുരം: ‘നെല്ലച്ചൻ’ എന്നറിയപ്പെടുന്ന ചെറുവയൽ രാമന് പി.കെ.കാളന്‍ പുരസ്കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ഫോക്‌ലോര്‍ അക്കാദമി മുൻ ചെയർമാനും ഗദ്ദിക കലാകാരനുമായ പരേതനായ പി.കെ.കാളന്റെ സ്മരണാർത്ഥം നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക്‌ലോര്‍ പഠനം, ഫോക്‌ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് പുരസ്കാരം നൽകുന്നത്.
സംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജ്, ഡോ. കെ.പി.മോഹനന്‍, ഡോ. കെ.എം.അനില്‍, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കൃഷി നാടോടി വിജ്ഞാനീയം വിഭാഗത്തിൽ ചെറുവയൽ രാമന് അവാർഡ് നൽകും. സാംസ്കാരിക വകുപ്പ് നിയോഗിച്ച വിദഗ്ദ്ധർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. കാർഷികരംഗത്ത് പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണവും വ്യാപനവും കര്‍മ്മമായി ഏറ്റെടുത്ത ചെറുവയല്‍ രാമന്‍ ഈ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാർ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ ജിനോം സേവിയര്‍ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.