പണം പ്രശ്നമല്ല; 10 മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ

തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. 32.22 ലക്ഷം രൂപയാണ് ഒരു ക്രിസ്റ്റയുടെ വില. വാഹനങ്ങൾ വാങ്ങുന്നതിന് 3,22,20,000 രൂപ അനുവദിച്ചു. വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിമാർ ഉപയോഗിക്കുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകണം.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി ടൂറിസം വകുപ്പിന്‍റെ നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ മന്ത്രിമാർക്ക് പണം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഹനങ്ങൾ വാങ്ങുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധനവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം പരിഗണിച്ച് അഞ്ച് വാഹനങ്ങൾ മാത്രം വാങ്ങാൻ ധനവകുപ്പ് അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെ 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയലിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മന്ത്രിസഭാ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.