കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെ ടി ജലീൽ
മലപ്പുറം: കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെ ടി ജലീൽ. ജമ്മു കശ്മീർ സന്ദർശിക്കുന്ന ജലീൽ, ‘ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ എന്നീ പരാമർശങ്ങളുടെ പേരിലാണ് വിവാദത്തിലായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജലീലിന്‍റെ വിശദീകരണം. ഇൻവർട്ടഡ് കോമയിലാണ് ആസാദ് കശ്മീർ എഴുതിയതെന്നായിരുന്നു ജലീലിന്‍റെ ന്യായീകരണം. അതിന്‍റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ജലീൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, ഇന്ത്യൻ അധീന കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണമില്ല.
കശ്മീർ യാത്രയുമായി ബന്ധപ്പെട്ട പുതിയ കുറിപ്പിലാണ് കഴിഞ്ഞ ദിവസം വിവാദമായ പരാമർശങ്ങൾ ജലീൽ വിശദീകരിച്ചത്. വിശദമായ യാത്രാവിവരണ കുറിപ്പിന്‍റെ അവസാനം ‘വാൽക്കഷ്ണം’ എന്ന് ചേർത്താണ് ജലീൽ വിവാദ പരാമർശങ്ങൾക്ക് മറുപടി നൽകിയത്.
കശ്മീരിന്റെ രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ പ്രത്യേകതകൾ വിവരിക്കുന്ന സാമാന്യം ദൈർഘ്യമേറിയ കുറിപ്പിലായിരുന്നു ജലീലിന്‍റെ വിവാദ പരാമർശങ്ങൾ.