ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ വിനയാന്വിതരാകണം: നിർദേശവുമായി മുഖ്യമന്ത്രി
കൊല്ലം: ഇടതുപാർട്ടികൾ കൂടുതൽ വിനയാന്വിതരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിനെതിരെ ശത്രുത വളർത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് രണ്ടാം തവണയും അധികാരത്തിൽ വന്നത് ഇതിന്‍റെ തെളിവാണ്. കിഫ്ബിക്കെതിരായ ഇ.ഡിയുടെ നീക്കം സംസ്ഥാനത്തിന്‍റെ വികസനം തടയാനുള്ള കോൺഗ്രസ്-ബി.ജെ.പി സഖ്യത്തിന്‍റെ ഇടപെടലാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വികസനം വേണമെന്ന് ആഗ്രഹിച്ചാൽ മാത്രം മതിയാവില്ല, പണം വേണം. കേരളത്തെ ഒഴിവാക്കി രാജ്യത്തിൻ്റെ വികസനം സാധ്യമാകില്ലെന്ന് മനസിലാക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിനായി മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ വൈകിപ്പിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞേക്കും. എന്നാൽ അവർ എന്ത് ചെയ്താലും സർക്കാർ പദ്ധതികളുമായി മുന്നോട്ട് പോകും. അത് പൂർത്തിയാകും. വികസനം എൽ.ഡി.എഫിന് മാത്രമല്ല, രാജ്യത്തിനും വരുംതലമുറകൾക്കും കൂടിയാണ്. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോൾ ഭൂമി വിട്ടുകൊടുക്കാത്തവരാണ് ഇപ്പോൾ നൽകുന്നത്. കിഫ്ബി മുഖേനയുള്ള വികസനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പരിഹസിച്ചവരുണ്ട്. എന്നാല്‍ ഇതിനകം എഴുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി”അദ്ദേഹം പറഞ്ഞു.