ഓഗസ്റ്റ് രണ്ടാം വാരത്തിൽ നേട്ടത്തോടെ ക്ലോസ് ചെയ്ത് ഇന്ത്യൻ വിപണി
കൊച്ചി: അന്താരാഷ്ട്ര വിപണിയുടെ പിന്തുണയിലും മികച്ച റിസൾട്ടുകളുടെ ആവേശത്തിലും വിദേശ ഫണ്ടുകളുടെ തിരിച്ചുവരവിന്റെ ആനുകൂല്യത്തിലും ഓഗസ്റ്റ് രണ്ടാം വാരത്തിൽ ഇന്ത്യൻ വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. ജൂണിൽ 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയിരുന്ന ഇന്ത്യൻ സൂചികകൾ റെക്കോർഡ് നിരക്കിലേക്കുള്ള അകലം കുറച്ചു. ജൂൺ 17ന് നിഫ്റ്റി 15,183 പോയിന്റിൽ നിന്ന് 2,500 പോയിന്റിലധികം നേട്ടമാണ് രണ്ടു മാസത്തിനുള്ളിൽ നേടിയത്.
ബാങ്കിംഗ്, ലോഹം, ഊർജ്ജം, ഇൻഫ്രാ, റിയൽറ്റി മേഖലകൾ കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയെ മുന്നിൽ നിന്ന് നയിച്ചു. അതേസമയം എഫ്എംസിജി, ഫാർമ ഐടി മേഖലകൾ ലാഭമെടുക്കലിൽ വീണു. സ്മോൾ ആൻഡ് മീഡിയം ക്യാപ് സെക്ടറുകളിലും വാങ്ങൽ വരുന്നത് പ്രതീക്ഷയാണ്. ബാങ്കിംഗ്, ഊർജ്ജം, ഇൻഫ്രാ, ക്യാപിറ്റൽ ഗുഡ്സ്, കെമിക്കൽ റിയൽറ്റി, പൊതുമേഖല, ടെക്സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി, ലിക്കർ മേഖലകൾ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചത്തെ നാസ്ഡാക്കിന്റെ ഉയർച്ചയും ഐടി മേഖലയ്ക്ക് പ്രതീക്ഷയുടെ കിരണമാണ്.
യുഎസ് അടക്കമുള്ള സാമ്പത്തിക ശക്തികൾക്കൊപ്പം ഇന്ത്യയിലും പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും വ്യാവസായികോൽപാദന വർധനവും വിപണിയുടെ ആവേശം വർധിപ്പിക്കുമെങ്കിലും ക്രൂഡ് ഓയിൽ വില വർധനവും പ്രധാന റിസൽട്ട് പ്രഖ്യാപനങ്ങൾ കഴിഞ്ഞതും വിപണിക്ക് ക്ഷീണമാണ്.