Latest

അവഗണന സഹിക്കാനായില്ല; വഞ്ചിച്ച കാമുകനെക്കുറിച്ച് പത്രത്തില്‍ പരസ്യം നല്‍കി യുവതി

ഓസ്‌ട്രേലിയ: പ്രണയത്തിനു ശേഷം ഉപേക്ഷിക്കപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ഉണ്ടാവുന്ന അവഗണനയെ നമുക്ക് പലപ്പോഴും മറികടക്കാൻ കഴിയില്ല. എന്നാൽ ഓസ്ട്രേലിയയിൽ നിന്നുള്ള ജെന്നി എന്ന യുവതി തന്‍റെ കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന വേദനയേയും അവഗണനയേയും മനോഹരമായ പ്രതികാരത്തിലൂടെ മറികടക്കുകയാണ്.

തന്‍റെ കാമുകൻ സ്റ്റീവിനോട് പ്രതികാരം ചെയ്യാൻ ജെന്നി വളരെ വ്യത്യസ്തമായ ഒരു മാർഗമാണ് തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 12 ന്, ജെന്നി തന്‍റെ കാമുകനെക്കുറിച്ചുള്ള ഒരു മുഴുനീള പേജ് പരസ്യം ഓസ്ട്രേലിയൻ പത്രമായ മക്കേ ആൻഡ് വിറ്റ്സണ്ടേ ലൈഫിൽ പ്രസിദ്ധീകരിച്ചു. “പ്രിയപ്പെട്ട സ്റ്റീവ്, നീ അവളോടൊപ്പം സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. നീ ഒരു വഞ്ചകനാണെന്ന കാര്യം നാടു മുഴുവന്‍ അറിയട്ടെ” എന്നായിരുന്നു പരസ്യം. ഈ പരസ്യത്തിനുള്ള പണം കാമുകന്‍റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് നൽകിയതെന്നും അതിൽ പ്രത്യേകം പരാമർശിക്കുന്നു.

ഈ പത്രം പുറത്തിറങ്ങിയതോടെ, ജെന്നിയും സ്റ്റീവും ആരാണെന്ന് അറിയാൻ പത്രത്തിന്‍റെ ഓഫീസിന് നിരവധി കോളുകൾ ലഭിച്ചു. പിന്നീട് പത്രത്തിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ആളുകൾക്കുള്ള മറുപടി പ്രത്യക്ഷപ്പെട്ടു.