ഏഷ്യാകപ്പ് ; ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുളള ടിക്കറ്റുകള്‍ വിറ്റുതീർന്നു
ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ വിൽപ്പന തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റ് തീർന്നു. 28ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം ഏഷ്യാ കപ്പിൽ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ടിക്കറ്റുകൾ വാങ്ങി മറിച്ച് വിൽക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കുറവല്ലെന്നാണ് റിപ്പോർട്ട്. ക്ലാസ്ഫീൽഡ് വെബ്സൈറ്റായ ഡുബിസിലിൽ 5,500 ദിർഹത്തിന് ടിക്കറ്റുകൾ ലഭ്യമാണ്. ഇത് 2500 രൂപയുടെ ടിക്കറ്റാണ്. 250 ദിർഹം വിലയുള്ള ഒരു സാധാരണ ടിക്കറ്റിന് ഡൂബിസിൽ 700 ദിർഹമാണ് വില. അതേസമയം, ഏഷ്യാ കപ്പ് ടിക്കറ്റിംഗ് പങ്കാളിയായ പ്ലാറ്റിനം ലിസ്റ്റ്, വീണ്ടും വിൽപ്പനയ്ക്ക് വച്ച ടിക്കറ്റുകൾ റദ്ദാക്കിയതായി മുന്നറിയിപ്പ് നൽകി.
ഈ രീതിയിൽ രണ്ടാം തവണയും വിൽക്കുന്ന ടിക്കറ്റുകൾ വാങ്ങരുതെന്ന് പ്ലാറ്റിനം ലിസ്റ്റ് ഉപഭോക്താക്കളെ ഓർമ്മിപ്പിച്ചിട്ടുണ്ട്. അത്തരം ടിക്കറ്റുകൾക്ക് സാധുതയില്ലെന്നും അല്ലെങ്കിൽ റദ്ദാക്കാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
മത്സരം കാണാൻ പ്രവേശിക്കുന്ന സമയത്ത് ഉപഭോക്താക്കൾ ഫോട്ടോ ഐഡി തെളിവായി നൽകേണ്ടിവരുമെന്ന് ടിക്കറ്റിംഗ് പ്ലാറ്റ്ഫോം അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ പേരും തെളിവ് സഹിതം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.