സിവിക് ചന്ദ്രനെതിരായ കേസ്; SC-ST ആക്ട് നിലനിൽക്കില്ലെന്ന വാദവും വിവാദത്തിൽ
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ ആദ്യ ഉത്തരവും വിവാദത്തിൽ. പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നതെന്നും, കേസിൽ പട്ടികവർഗ പീഡന നിരോധന നിയമം ബാധകമല്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വീണ്ടും ചർച്ചയായിരിക്കുന്നത്.
എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് കോടതി സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ അയച്ച വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പട്ടികജാതി നിയമം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ കോടതി നടത്തിയ പരാമർശങ്ങളും വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗിക ചുവയുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് ജഡ്ജി എസ് കൃഷ്ണകുമാർ തന്റെ വിവാദ ഉത്തരവിൽ പറഞ്ഞു. അതിനാൽ, ലൈംഗിക പീഡനം ആരോപിക്കുന്ന സെക്ഷൻ 354 എ നിലനിൽക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സെക്ഷൻ 354 പ്രയോഗിക്കണമെങ്കിൽ ശാരീരികമായി സ്പർശിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും വേണമെന്ന് കോടതി പറഞ്ഞു.