കാസർഗോഡ് ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോർട്ടം ബഹിഷ്കരിച്ച് ഡോക്ടർമാർ
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ രാത്രികാല പോസ്റ്റുമോര്‍ട്ടം ബഹിഷ്കരിച്ചു. മതിയായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ രാത്രി പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. അതേസമയം, ഡോക്ടർമാരുടെ നടപടിയിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ രംഗത്തെത്തി. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം ആരംഭിച്ചത്. എന്നാൽ ഈ ഉത്തരവിനെതിരെ തുടക്കം മുതൽ തന്നെ ഡോക്ടർമാർക്കിടയിൽ എതിർപ്പുണ്ടായിരുന്നു. മതിയായ ജീവനക്കാരും മതിയായ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ രാത്രി പോസ്റ്റുമോര്‍ട്ടം നടത്തില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. എന്നാൽ അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഡോക്ടർമാർ കോടതി ഉത്തരവ് പോലും ലംഘിക്കുകയാണെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പ്രതികരിച്ചു. ഹൈക്കോടതി നിർദ്ദേശിച്ച സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ രാത്രികാല പോസ്റ്റുമോര്‍ട്ടം ബഹിഷ്കരിക്കുന്നത്. മോർച്ചറിക്ക് മുന്നിൽ ജനങ്ങൾക്ക് അറിയിപ്പായി ഒരു ബോർഡും സ്ഥാപിച്ചു. അതേസമയം ഡോക്ടർമാരുടെ ഇപ്പോഴത്തെ നിലപാടിനെതിരെ എംഎൽഎ കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതിഷേധവുമായി യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.