ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ; സെപ്റ്റംബര്‍ 7ന് ശേഷം വിതരണം ചെയ്യില്ല
തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ ലഭ്യമാകും. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അന്നേ ദിവസം ജില്ലാ ആസ്ഥാനത്ത് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിർവഹിക്കും.
എഎഐ (മഞ്ഞ) കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ ഓഗസ്റ്റ് 23, 24 തീയതികളിൽ വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തീയതികളിൽ എൻപിഎസ് (നീല) കാർഡുടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻപിഎൻഎസ് (വെള്ള) കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാൻ കഴിയാത്ത എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് വാങ്ങാം.
സെപ്റ്റംബർ 4 ഞായറാഴ്ച റേഷൻ കടകൾക്ക് പ്രവൃത്തിദിനമായിരിക്കും. സെപ്റ്റംബർ ഏഴിന് ശേഷം സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉണ്ടാകില്ല. എല്ലാ കാർഡുടമകളും അവരവരുടെ റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റുകൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം.