മത്സ്യത്തൊഴിലാളികളുടെ സമരം തുടരും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരും. സമരം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ചയ്ക്കകം മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തും.
ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒമ്പതംഗ സംഘമാണ് ചർച്ചയ്ക്കെത്തിയത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം പിൻവലിക്കുകയുള്ളൂവെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. ഫിഷറീസ് മന്ത്രി നടത്തിയ ചർച്ച പോസിറ്റീവാണെന്നും ലത്തീൻ അതിരൂപത പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണയായി. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് മുമ്പ് ഇത് സാധ്യമാകും. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.