സംസ്ഥാനത്ത് കൊതുക് മൂലമുള്ള രോഗങ്ങൾ പെരുകുന്നു; ഈ വർഷം മരണ മടഞ്ഞത് 18 പേർ
പാലക്കാട്: സംസ്ഥാനത്തെ വിട്ടൊഴിയാതെ കൊതുകുജന്യരോഗങ്ങൾ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും കൊതുകുജന്യ രോഗങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 2657 പേരാണ് കൊതുകുജന്യ രോഗങ്ങൾക്ക് ചികിത്സ തേടിയത്. 18 പേർ രോഗം ബാധിച്ച് മരണമടഞ്ഞു.
ഭൂരിഭാഗം പേരും (2,434) ഡെങ്കിപ്പനി ബാധിച്ചാണ് ചികിത്സ തേടിയത്. ഇതിൽ 18 പേർ മരിച്ചു. 177 പേർ മലേറിയയ്ക്കും 46 പേർ ചിക്കുൻ ഗുനിയ ബാധിച്ചുമാണ് ചികിത്സ തേടിയത്. ജനുവരി 1 മുതൽ ഓഗസ്റ്റ് 16 വരെയുള്ള കണക്കാണിത്.
2021 ൽ ഇതേ കാലയളവിൽ 2,831 പേരാണ് കൊതുകുജന്യ രോഗങ്ങൾക്ക് ചികിത്സ തേടിയത്. 22 പേർ മരണമടഞ്ഞു. മലേറിയ-164, ഡെങ്കിപ്പനി-2,389, ചിക്കുൻഗുനിയ-278. ഡെങ്കിപ്പനി ബാധിച്ച് 21 പേരും മലേറിയ ബാധിച്ച് ഒരാളും മരിച്ചു.