ഇമ്രാന് ഖാനെ പാക് ഉന്നത അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തേക്കും
കറാച്ചി: നിരോധിത ഫണ്ടിംഗ് കേസിൽ ഹാജരാകാത്തതിനും നോട്ടീസ് അസാധുവാക്കിയതിനും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തേക്കും. ഫെഡറൽ ഇന്‍വെസ്റ്റിഗേഷന്‍ ഏജൻസി (എഫ്ഐഎ) വെള്ളിയാഴ്ച ഖാന് രണ്ടാമതും നോട്ടീസ് അയച്ചതായി ദി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖാന് കഴിഞ്ഞ ബുധനാഴ്ച ആദ്യ നോട്ടീസ് ലഭിച്ചെങ്കിലും എഫ്ഐഎ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ മൂന്ന് നോട്ടീസുകൾ നൽകിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് എഫ്ഐഎയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ, ബെൽജിയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇമ്രാൻ ഖാന്റെ പാർട്ടിയുമായി ബന്ധമുള്ള അഞ്ച് കമ്പനികളെ എഫ്ഐഎ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ അവ പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നിരോധിത ഫണ്ടിംഗ് കേസിൽ തനിക്ക് അയച്ച നോട്ടീസ് രണ്ട് ദിവസത്തിനുള്ളിൽ പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഖാൻ ബുധനാഴ്ച എഫ്ഐഎയോട് ആവശ്യപ്പെട്ടു. “നിങ്ങളോട് ഉത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനല്ല, നിങ്ങൾക്ക് വിവരങ്ങൾ നൽകാനും ഞാൻ ബാധ്യസ്ഥനല്ല. രണ്ട് ദിവസത്തിനകം നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ നിങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും,” ഉന്നത അന്വേഷണ ഏജൻസിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു.