മനീഷ് സിസോദിയ ഉടന്‍ അറസ്റ്റിലായേക്കും; വിദേശയാത്രയ്ക്ക് വിലക്ക്
ഡൽഹി: മദ്യനയത്തിലും ബാർ ലൈസൻസ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ സിസോദിയ വിദേശ യാത്രകൾ നടത്തുന്നത് സി.ബി.ഐ തടഞ്ഞു. സിസോദിയയ്ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സിസോദിയയ്ക്കും മറ്റ് 15 പ്രതികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട പരാതിയിൽ ആരോപണവിധേയരായവരെ സി.ബി.ഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി ഇന്നലെ അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. മനീഷ് സിസോദിയയുടെ വീട് ഉൾപ്പെടെ 31 ഇടങ്ങളിലാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്. ഇതിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സിസോദിയ ഉൾപ്പെടെ 15 പേർക്കും അജ്ഞാതരായ മറ്റുള്ളവർക്കുമെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രഥമ വിവര റിപ്പോർട്ടിന്റെ പകർപ്പ് സിബിഐ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കും. ആം ആദ്മി പാർട്ടിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ തടയുകയാണെന്നും വരും ദിവസങ്ങളിൽ താൻ അറസ്റ്റിലായേക്കാമെന്നും മനീഷ് സിസോദിയ പറഞ്ഞു.