ഹരിത ഹൈഡ്രജൻ ഭാവിയുടെ ഇന്ധനം; രാജ്യത്തെ ആദ്യ ഡബ്ബിള്‍ ഡെക്കര്‍ ഇ-ബസ് അവതരിപ്പിച്ച് ഗഡ്കരി

രാജ്യത്ത് ഡീസലിന്‍റെയും പെട്രോളിന്‍റെയും കാലം അവസാനിക്കാറായെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും കണക്കിലെടുക്കുമ്പോൾ, ഹരിത ഹൈഡ്രജൻ ആകും ഭാവിയിലേക്കുള്ള ഇന്ധനമാകുക. പ്രതിവർഷം 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉൽപ്പന്നങ്ങളും ഗ്യാസും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയോടുള്ള വെല്ലുവിളി മാത്രമല്ല, പരിസ്ഥിതിയോടുള്ള വെല്ലുവിളി കൂടിയാണ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും ഉപയോഗമാണ് മലിനീകരണത്തിന്‍റെ 35 ശതമാനത്തിനും കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുജ ഗ്രൂപ്പിന്‍റെ സ്വിച്ച് മൊബിലിറ്റി പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് ചെലവുകുറവാണ്. വൈദ്യുതി, എഥനോള്‍, മെഥനോള്‍, ബയോഡീസല്‍, ബയോ എല്‍.എന്‍.ജി, ബയോ സി.എന്‍.ജി., ഹൈഡ്രജന്‍ എന്നിങ്ങനെ ഊര്‍ജരംഗത്ത് വൈവിധ്യവത്കരണം നടപ്പാക്കിവരുന്നു. ഇതില്‍ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമാകുകയെന്നും അദ്ദേഹം പറഞ്ഞു.