ബിഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് 8 മാസം!
ബീഹാർ: ബീഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എട്ട് മാസത്തോളമാണ് ഇവർ ഈ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചത്. പോലീസുകാരെന്ന വ്യാജേന 100 കണക്കിന് ആൾക്കാരിൽ നിന്ന് ഇവർ പണം തട്ടിയെടുക്കുകയും ചെയ്തു.
പ്രദേശത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് സംഘം വ്യാജ പൊലീസ് സ്റ്റേഷൻ നടത്തിയിരുന്നത്. യൂണിഫോമും ബാഡ്ജും തോക്കുകളും ആവശ്യമുള്ളതെല്ലാം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയവരിൽ നിന്ന് ഇവർ പണം വാങ്ങാറുണ്ടായിരുന്നു. ഇവർക്ക് പോലീസിൽ ജോലിയും വാഗ്ദാനം ചെയ്തു. എന്നാൽ ചില വ്യാജ പൊലീസുകാർ സർവീസ് റിവോൾവറിന് പകരം പ്രാദേശിക തോക്കുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ‘ഒറിജിനൽ’ പൊലീസ് ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിക്കുകയും സംഘത്തെ പിടികൂടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലവൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
പിടിയിലായവരിൽ നിന്ന് തോക്കുകൾ, നാല് യൂണിഫോമുകൾ, ബാങ്ക് ചെക്ക് ബുക്കുകൾ, മൊബൈൽ ഫോണുകൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ എന്നിവ പിടിച്ചെടുത്തു.