ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഫിംഗര്‍ ഡാന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍
കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പുതിയ കലാരൂപവുമായി നടൻ ദുൽഖർ സൽമാൻ. കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ ‘ഫിംഗർ ഡാൻസ്’ കൊണ്ടുവരാനാണ് പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ബൗദ്ധിക വികാസത്തിന് പ്രയോജനപ്പെടുന്ന ഒരു കലാരൂപമാണ് ഫിംഗർ ഡാൻസ്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൊറിയോഗ്രാഫറായ ഇംതിയാസ് അബൂബക്കറാണ് ഇത് ചിട്ടപ്പെടുത്തിയത്. ദുൽഖർ സൽമാന്‍റെ വേഫെയർ ഫിലിംസ് കലാകാരൻമാർക്കായി രൂപീകരിച്ച കമ്മ്യൂണിറ്റി ഫോർ ഹാപ്പിനസ്സിന്‍റെ ഭാഗമാണ് ഈ പ്രോജക്ട്.
കേരളത്തിൽ അത്ര ജനപ്രിയമല്ലാത്ത ഒരു നൃത്തരൂപമാണ് ഫിംഗർ ഡാൻസ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിംഗർ ഡാൻസ് വളരെ ഉപയോഗപ്രദമാണെന്ന് ഇംതിയാസ് പറയുന്നു. കേരളത്തിലെ 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 324 സ്കൂളുകളിൽ ഫിംഗർ ഡാൻസ് എത്തിക്കും. തൃശ്ശൂർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ.സുമേഷ്, ശിശുരോഗ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും ഇതിൻ്റെ ഭാഗമാകും.