ഇഡിക്ക് വിശാല അധികാരം; കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വിപുലമായ അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഉച്ചയ്ക്ക് 1.20ന് ചേംബറിൽ ഹർജി പരിഗണിക്കും.
ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇഡിക്ക് പരമാധികാരം നല്കുന്ന വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി പരിഗണിക്കുക.
പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും കാർത്തി ചിദംബരം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.