‘ഗവര്‍ണര്‍ മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാൻ ശ്രമിക്കുന്നു’
തിരുവനന്തപുരം: കേരളത്തിൽ ഗവർണറും സർക്കാരും രണ്ട് പക്ഷത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി സർക്കാരിന്റെ രാഷ്ട്രീയ നയത്തെ എതിർക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. മോദി ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടി.
ഗവർണറുടെ ഭാഗത്തുനിന്നും സംഭവിക്കാൻ പാടില്ലാത്ത പലതും സംഭവിച്ചു. എന്നാൽ മുഖ്യമന്ത്രിയും സർക്കാരും അങ്ങേയറ്റം ക്ഷമയോടെ സംയമനം പാലിക്കുകയും സ്ഫോടനാവസ്ഥ ഒഴിവാക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നിലനിൽക്കുമ്പോൾ ഗവർണർക്ക് സമാന്തര ഭരണം ഏർപ്പെടുത്താൻ കഴിയില്ല.
ഭരണഘടനയിലെ വ്യവസ്ഥകൾ ഗവർണർക്ക് പരിശോധിക്കാനും ആസ്വദിക്കാനും കഴിയും. എന്നാല്‍ ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.