ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി 17കാരൻ മാക്ക് റഥർഫോർഡ്
ചെറുവിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കൗമാരക്കാരനായ ബ്രിട്ടീഷ്-ബെൽജിയൻ പൈലറ്റ്. 17 കാരനായ മാക്ക് റഥർഫോർഡാണ് നിലവിലെ ലോകറെക്കോർഡ് തകർത്തത്. 52 രാജ്യങ്ങളിലൂടെ അഞ്ച് മാസത്തെ യാത്രയ്ക്ക് ശേഷം മാക്ക് ബൾഗേറിയയിലെ സോഫിയയിലേക്ക് മടങ്ങി.
വഴിയിലെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് 17 കാരനായ താരം ഈ നേട്ടം കൈവരിച്ചത്. ജനവാസമില്ലാത്ത പസഫിക് ദ്വീപിൽ രാത്രികൾ ചെലവഴിച്ചും മണൽക്കാറ്റുകൾ നേരിട്ടുമാണ് കൗമാരക്കാരൻ യാത്ര പൂർത്തിയാക്കിയത്. മാതാപിതാക്കൾ ബ്രിട്ടീഷുകാരാണെങ്കിലും, മാക്ക് റഥർഫോർഡ് ബെൽജിയത്തിലാണ് വളർന്നത്.
അദ്ദേഹത്തിന്റെ മൂത്ത സഹോദരി സാറയാണ് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. ഈ വർഷം ജനുവരിയിലാണ് സാറ യാത്ര പൂർത്തിയാക്കിയത്. തന്റെ സഹോദരിയാണ് തന്റെ യാത്രയിലെ വഴികാട്ടിയെന്ന് മാക്ക് പറഞ്ഞു. 18 വയസ്സും 150 ദിവസവും പ്രായമുള്ള ബ്രിട്ടീഷ് പൈലറ്റ് ട്രാവിസ് ലുഡ്ലോ ആയിരുന്നു മുൻ റെക്കോർഡ് ഉടമ.