ആമസോണിലേക്ക് ജീവനക്കാരെ തേടിയുള്ള ആദ്യ പരസ്യം വൈറൽ
വാഷിങ്ടൺ: ആമസോണിനായി ജീവനക്കാരെ തേടി സിഇഒ ജെഫ് ബെസോസിന്‍റെ ആദ്യ പരസ്യം വൈറലാകുന്നു. 1994 ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച ഈ പരസ്യം ടെക് ജേർണലിസ്റ്റ് ജോൺ എറിലിച്ച്മാനാണ് ആണ് ഷെയർ ചെയ്തത്. ട്വിറ്ററിൽ പങ്കുവച്ച പരസ്യത്തിന് 900 ലധികം റീട്വീറ്റുകളും 9,000 ലധികം ലൈക്കുകളും ലഭിച്ചു.
സി/സി++/യുനിക്സ് ഡെവലപ്പറെ തേടിയാണ് ജെഫ് ബെസോസ് പരസ്യമിട്ടത്. ബി.എസ്, എം.എസ്, പി.എച്ച്.ഡി എന്നിവ യോഗ്യതയായി പറയുന്നു. സിയാറ്റിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് സംരംഭത്തിനായാണ് ആളുകളെ തേടുന്നതെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെബ് സെർവറിനെയും എച്ച്ടിഎംഎല്ലിനെയും കുറിച്ചുള്ള അറിവ് ഒരു അധിക യോഗ്യതയായി കണക്കാക്കുമെന്നും എന്നാൽ നിർബന്ധിത യോഗ്യതയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 1994-ൽ ജെഫ് ബെസോസ് വാഷിംഗ്ടണിലെ ബെല്ലാവ്യുവിലെ ഒരു ഗാരേജിലാണ് ആമസോൺ സ്ഥാപിച്ചത്. പുസ്തകങ്ങളുടെ വിതരണത്തിനുള്ള വിപണിയായാണ് ആമസോൺ ആരംഭിച്ചത്. ഇന്ന്, ആമസോൺ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായി വളർന്നു.