കോഴിക്കോട് ലൈറ്റ് മെട്രോ; കുറഞ്ഞ ചെലവിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ലോക്നാഥ് ബെഹ്റ
കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി കുറഞ്ഞ ചെലവിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ. കൊച്ചി മെട്രോയിൽ സർക്കാർ അർപ്പിച്ച വിശ്വാസത്തിൽ വളരെ സന്തോഷമുണ്ട്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ കുറഞ്ഞ ചെലവിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ ലക്ഷ്യമെന്നും ബെഹ്റ പറഞ്ഞു.
കോഴിക്കോട് ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഇതിനകം രണ്ട് തവണ യോഗം ചേർന്നിട്ടുണ്ട്. മൊബിലിറ്റി പ്ലാൻ തയ്യാറാക്കാൻ ഏകദേശം മൂന്ന് മാസമെടുക്കും. ഒരു സ്വകാര്യ ഏജൻസിയെ നിയമിച്ചാണ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കുക.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക. പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം ലഭിക്കാൻ പുതിയ റിപ്പോർട്ട് വേണമെന്നതിനാൽ ഏട്ട് മാസം കൊണ്ട് സാധ്യതാ പഠനം നടത്തി ഡിപിആർ തയ്യാറാക്കാനാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ ഉടൻ യോഗം ചേരും. അദ്ദേഹം കൂട്ടിച്ചേർത്തു.