ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും
ന്യൂഡല്‍ഹി: ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിന്റെ ഭാവി തുലാസിലായതോടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഭരണപക്ഷം തീരുമാനിച്ചു. ക്വാറി ലൈസൻസ് കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ എം.എൽ.എ സ്ഥാനത്ത് നിന്ന് ഗവർണർ അയോഗ്യനാക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി. സോറന്റെ പാർട്ടിയായ ജെഎംഎമ്മിന്റെയും സഖ്യകക്ഷിയായ കോൺഗ്രസിന്റെയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റും. ഹേമന്ത് സോറന്റെ വസതിയിൽ ഇന്ന് ചേർന്ന അടിയന്തര യോഗത്തിന് എംഎൽഎമാരിൽ ചിലർ ലഗേജുമായാണ് എത്തിയത്.
ഭരണമുന്നണിയിൽ വിമത ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ഹേമന്ത് സോറനെതിരായ നടപടി കൂടി വന്നത്. ബി.ജെ.പി ഈ സാഹചര്യം മുതലെടുത്ത് ചില നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജാർഖണ്ഡ് റിസോർട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.
സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്ന ഉറപ്പുണ്ടെങ്കിലും കൂറുമാറ്റം തടയാൻ തങ്ങളുടെ എംഎൽഎമാരെ സുരക്ഷിതമായി മാറ്റുകയാണെന്നാണ് ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യനേതൃത്വം പറയുന്നത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡിലേക്ക് എംഎൽഎമാരെ മാറ്റുമെന്നാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിലേക്ക് മാറ്റുന്നതും പരിഗണനയിലാണ്. അതേസമയം, ചില ജെഎംഎം എംഎൽഎമാർ ഇതിനകം ഛത്തീസ്ഗഡിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്.