മാനസിക പിരിമുറുക്കം; ഒരു മാസം ബാറ്റ് തൊട്ടിട്ടില്ലെന്ന് വിരാട് കോഹ്ലി

ദുബായ്: ക്രിക്കറ്റ് ചരിത്രത്തിൽ പകരം വയ്ക്കാനാകാത്ത കളിക്കാരിൽ ഒരാളാണ് ഇന്ത്യയുടെ വിരാട് കോഹ്ലി. എതിരാളികളില്ലാതെ തന്‍റെ കരിയറിലെ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് ഓടുന്ന കോഹ്ലിക്ക് ഇടയ്ക്കിടെ കാലിടറാറുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി, കോഹ്‌ലിക്ക് പഴയ മൂർച്ചയും ഊർജ്ജസ്വലതയും നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കാനിരിക്കെ, വാക്കുകളും നോട്ടവും ബാറ്റും ഉപയോഗിച്ച് കളിക്കളത്തിൽ എതിരാളികളെ ആക്രമിച്ചിരുന്ന പഴയ കോഹ്ലിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് കോഹ്ലി തുറന്ന് പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് 2022ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത്. മാനസിക സമ്മർദം കാരണം ഒരു മാസത്തോളം ക്രിക്കറ്റ് ബാറ്റ് താൻ തൊട്ടിട്ടില്ലെന്ന് കോഹ്ലി ഒരു അഭിമുഖത്തിൽ പറഞ്ഞു.

സമീപകാലത്തായി ബാറ്റുകൊണ്ട് തിളങ്ങാൻ കഴിയാത്ത കോഹ്ലിക്ക് ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റിലും രണ്ട് ടി20യിലും രണ്ട് ഏകദിനത്തിലും 76 റൺസ് മാത്രമാണ് നേടാനായത്. പര്യടനം അവസാനിച്ചതിന് തൊട്ടുപിന്നാലെ കോഹ്ലി വിശ്രമത്തിലായി. ഇതോടെ വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങൾ നഷ്ടമായി.