ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിൽ കൂടുതൽ മഴയുണ്ടാകും. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിനടുത്തും തെക്കൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ന്യൂനമർദ്ദ പ്രദേശവുമാണ് കനത്ത മഴയ്ക്ക് കാരണം. ഇതിന്‍റെ പ്രഭാവത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകും.

നാളെയും മറ്റന്നാളും കേരളത്തിലെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.