ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; എം.വി.ഗോവിന്ദന്‍ രാജിവച്ചേക്കും

തിരുവനന്തപുരം: ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യും. പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുത്ത ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് വൈകുന്നേരമോ നാളെയോ മന്ത്രിസ്ഥാനം രാജിവയ്ക്കും. പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗം പിരിഞ്ഞത്.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ രണ്ട് പദവികളിലും തുടരുകയായിരുന്നു. ഇന്നലെ നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ മന്ത്രിസഭാ പുനഃസംഘടന ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സമഗ്രമായ പുനഃസംഘടനയെ കുറിച്ച് സി.പി.എം നേതൃത്വം ആലോചിക്കുന്നില്ല. നിലവിൽ 20 മന്ത്രിമാരാണുള്ളത്. എം.വി ഗോവിന്ദൻ രാജിവയ്ക്കുന്നതോടെ ഇത് 19 ആയി കുറയും.

അതേസമയം സജി ചെറിയാൻ ഒഴിഞ്ഞ ഒഴിവ് നികത്തുന്ന കാര്യം പാർട്ടി പരിഗണിക്കുന്നില്ല. എം.വി ഗോവിന്ദന് പകരക്കാരനെ തീരുമാനിക്കുന്നതിനാണ് മുൻഗണന. പുതിയ മന്ത്രി കണ്ണൂരിൽ നിന്ന് തന്നെയായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് ആരെയും വീണ്ടും മന്ത്രിയാക്കാൻ പരിഗണനയില്ലാത്തതിനാൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിന്‍റെ സാധ്യതകൾ വർധിക്കുകയാണ്.