വിമാനത്തിൽ പുകവലിച്ച സംഭവം ; യൂട്യൂബർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ബോബി കതാരിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബോബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതേതുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വിമാനത്തിൽ പുകവലിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കതാരിയയ്ക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. ഇയാൾക്കെതിരെ സ്പൈസ് ജെറ്റും പരാതി നൽകിയിട്ടുണ്ട്. ബോബി കതാരിയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
റോഡിന് നടുവിൽ മേശ സ്ഥാപിച്ച് മദ്യം കഴിച്ചതിനും വാഹനഗതാഗതം തടസ്സപ്പെടുത്തിയതിനും കതാരിയയ്ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മസൂറിയിലെ കിമാദി മാർഗിലെ റോഡിന് നടുവിൽ കസേരയും മേശയും സ്ഥാപിച്ച് മദ്യപിക്കുന്ന വീഡിയോ കതാരിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.