‘അമ്മ’യിൽ ജി.എസ്.ടി തട്ടിപ്പ്; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് ജി.എസ്.ടി. വകുപ്പ് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി. അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നോ, വിദേശത്തുൾപ്പെടെ നടത്തിയ പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോ എന്നെല്ലാമാണ് ജി.എസ്.ടി. വകുപ്പ് അന്വേഷിക്കുന്നത്.

മെഗാ ഷോകൾ സംഘടിപ്പിക്കുമ്പോൾ, ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തും. എന്നാൽ, അമ്മ അത്തരം നികുതി അടച്ചിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗം ഇടവേള ബാബുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. അമ്മ സംഘടന ഒരു ട്രസ്റ്റാണെന്നും പണം സംഭാവനയായി സ്വീകരിക്കുന്നുവെന്നുമായിരുന്നു നേരത്തെ സ്വീകരിച്ച നിലപാട്.

എന്നാൽ, ആറ് മാസം മുമ്പ്, കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് വകുപ്പ് നോട്ടീസ് നൽകിയതിനെ തുടർന്ന്, അമ്മ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തു. 45 ലക്ഷം രൂപയും നികുതിയായി അടച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.