സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം; ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക്
ഇ ടി മുഹമ്മദ് ബഷീർ എം പിയെ ഈ വർഷത്തെ സി എച്ച് രാഷ്ട്രസേവാ അവാർഡിന് തിരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം നൽകുന്നു. ദുബായ് അബുഹെയ്ലില്‍ മെട്രോ സ്റ്റേഷന് സമീപമുള്ള കെ.എം.സി.സി ആസ്ഥാനത്ത് ജൂറി ചെയർമാൻ ഡോ.സി.പി ബാവ ഹാജിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി മൂസ കൊയമ്പ്രം, ട്രഷറർ നജീബ് തച്ചംപൊയിൽ തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്‍റിന് അകത്തും പുറത്തും ഇ.ടി മുഹമ്മദ് ബഷീർ എം.പി നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന്‍റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ജൂറി വിലയിരുത്തിയതായി ചെയർമാൻ ഡോ.സി.പി ബാവ ഹാജി പറഞ്ഞു. എം സി വടകര, ടി ടി ഇസ്മായിൽ, സി കെ സുബൈർ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും നിരന്തരം ഇടപെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘ്പരിവാർ നടത്തിയ കലാപങ്ങൾക്കെതിരെയും ലോക്സഭയിൽ രൂക്ഷമായ ഭാഷയിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗിന്‍റെ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എന്ന നിലയിൽ നടത്തിയ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്ന് ജൂറി വിലയിരുത്തി.