ശൈലജ ടീച്ചര്‍ മഗ്‌സസെ അവാര്‍ഡ് നിരസിച്ചു; തീരുമാനം സി.പി.ഐ.എം അനുമതി ഇല്ലാത്തതിനാൽ

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചതായാണ് വിവരം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു മുന്‍ മന്ത്രി ശൈലജയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

സംസ്ഥാനത്ത് നിപ, കൊവിഡ്-19 നിയന്ത്രിക്കുന്നതിന് മുന്നില്‍ നിന്ന് ഫലപ്രദമായി നേതൃത്വം നല്‍കുന്ന പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

നിപ ബാധയും കൊവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു.