എം ബി രാജേഷ് നാളെ മന്ത്രിയായി അധികാരമേൽക്കും
തിരുവനന്തപുരം: സ്പീക്കർ സ്ഥാനം രാജിവച്ച എം ബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമേ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂവെങ്കിലും എംവി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ രാജേഷിന് ലഭിച്ചേക്കും. രാജേഷിന്റെ രാജിയെ തുടർന്നുള്ള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഈ മാസം 12ന് നടക്കും.
ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുക്കും. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ യു.ഡി.എഫിൽ ഇതുവരെ തീരുമാനമായിട്ടില്ല.