കെഎസ്ആര്‍ടിസിയില്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഭാഗികമായി ശമ്പള വിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. 55.77 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ഏഴ് കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നാണ് നൽകിയത്. സർക്കാർ സഹായം വൈകിയതിനാൽ രണ്ട് മാസത്തെ ശമ്പളവും നിർത്തലാക്കി.
അതിനിടെ കെ.എസ്.ആർ .ടി.സി രക്ഷാ പാക്കേജിനെച്ചൊല്ലി മാനേജ്മെന്റും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകൾ തുടങ്ങി. അംഗീകൃത ട്രേഡ് യൂണിയനുകളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 250 കോടി രൂപയുടെ സഹായധനം കരുതിയിട്ടുണ്ടെങ്കിലും ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ചെലവ് കുറയ്ക്കണമെന്ന നിബന്ധന ധനവകുപ്പും മാനേജ്മെന്റും മുന്നോട്ടുവെച്ചിരുന്നു. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് റൗണ്ട് ചർച്ചകൾ നടന്നെങ്കിലും ഒത്തുതീർപ്പായില്ല. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.