തെക്കൻ ജില്ലകളിൽ ശക്തമായ മഴ; മലയോരമേഖലയിൽ രാത്രിയാത്രാ നിരോധിച്ചു
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് വരെ മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാലായുടെ കിഴക്കൻ പ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ കനത്ത മഴയാണ് പെയ്യുന്നത്. മൂന്നിലവ്, മേലുകാവ് പ്രദേശങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇടമറുക് രണ്ടാറ്റുമുന്നി പുഴയിലെ ജലനിരപ്പ് ഉയരുകയാണ്. എറണാകുളം ജില്ലയിലെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കളക്ടർ രേണു രാജ് അറിയിച്ചു. മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ ഒഴിപ്പിക്കാൻ റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കും.
ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇടുക്കിയിൽ ട്രക്കിങ്ങിനും ഖനനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രി 7 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ യാത്ര അനുവദിക്കില്ല. പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. വിതുരയിൽ ഉരുൾപൊട്ടലിൽ കാർ ഒലിച്ചുപോയി. വാമനപുരം പുഴ കരകവിഞ്ഞൊഴുകി മങ്കയത്തും കല്ലാറിലും വെള്ളം കയറി.