ലക്ഷ്യം പ്രതിപക്ഷ ഐക്യം: രാഹുലിനെ സന്ദർശിച്ച് നിതീഷ്
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ ഐക്യം ചർച്ച ചെയ്തു. ദില്ലിയിലെ തുഗ്ലക്ക് റോഡിലെ രാഹുൽ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയാകുകയല്ല തന്റെ ലക്ഷ്യമെന്ന് നിതീഷ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ശ്രമം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജനതാദൾ (എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തും.
കോണ്‍ഗ്രസുമായും പ്രാദേശിക പാർട്ടികളുമായും ബീഹാർ മോഡൽ വിശാല സഖ്യമാണ് നിതീഷ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് അദ്ദേഹത്തിന്റെ വസതി സന്ദർശിക്കുകയും അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചർച്ചയിൽ പങ്കെടുത്തു. കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി വേണ്ടെന്നാണ് ആർജെഡിയുടെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 200 ഓളം മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്നുണ്ടെന്ന വസ്തുത അവഗണിച്ച് മൂന്നാം മുന്നണി അപ്രായോഗികമാണെന്ന നിലപാടിലാണ് ആർ.ജെ.ഡി.