പേവിഷബാധയെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു: മന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയെക്കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് സമിതി രൂപീകരണം.
ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റർ ഫോർ റഫറൻസ് ആന്റ് റിസർച്ച് ഫോർ റാബീസ് നിംഹാൻസ് ബംഗളൂരു അഡീഷണൽ പ്രൊഫസർ ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർ എന്നിവർ അംഗങ്ങളാണ്. ഇതോടൊപ്പം ടേംസ് ഓഫ് റഫറൻസും പുറത്തിറക്കിയിട്ടുണ്ട്.
പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് 12 വയസുകാരി അഭിരാമി മരിച്ച സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചിരുന്നു. അഭിരാമിയെ ആദ്യം ചികിത്സയ്ക്കായി കൊണ്ടുപോയ പെരുനാട് ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്.