കൊച്ചി നഗരസഭയിലെ നികുതി അപ്പീല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം
എറണാകുളം: കൊച്ചി നഗരസഭയിലെ നികുതി അപ്പീല്‍ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കൗൺസിലർ ബിന്ദു മണി വിജയിച്ചു. എന്നാൽ ഭരണകക്ഷിയായ എൽ.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാത്തതിന് പിന്നിൽ ബി.ജെ.പിയുമായി ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പിയെ പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്താനാണ് സി.പി.എം മത്സരിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
എൽ.ഡി.എഫ് ഭരിക്കുന്ന കൊച്ചി നഗരസഭയുടെ ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സണാണ് ബി.ജെ.പി കൗൺസിലർ പ്രിയ പ്രശാന്ത്. കോടതി ഉത്തരവിനെ തുടർന്ന് ബി.ജെ.പി അംഗം പി.പത്മകുമാരിക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതിനെ തുടർന്നാണ് സമിതിയിൽ ഒഴിവുണ്ടായത്. എന്നാൽ ഭരണമുന്നണി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിൽ സമിതിയിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വാദം. അങ്ങനെയായിരുന്നെങ്കിൽ അവിശ്വാസപ്രമേയത്തിലൂടെ നികുതി അപ്പീൽ കമ്മിറ്റിയിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കാമായിരുന്നു. സി.പി.എം ഇത് തടയുകയാണെന്നും കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. നികുതി അപ്പീൽ കമ്മിറ്റിയിൽ യു.ഡി.എഫിന് നാല് അംഗങ്ങളും എൽ.ഡി.എഫിന് മൂന്ന് അംഗങ്ങളും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്.