വർക്കലയിലെ നവവധുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ നവവധുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപള്ളി സ്വദേശിനിയായ നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പ്രതി അനീഷ് കഴുത്ത് ഞെരിച്ചു. മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഫാനിൽ കെട്ടി തൂക്കാനും ശ്രമിച്ചു. മുറിയിൽ നിന്ന് കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച തുണി ഫോറൻസിക് സംഘം കണ്ടെടുത്തു.
ജൂലൈ എട്ടിനാണ് വർക്കല സ്വദേശിയായ അനീഷ് ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിതയെ വിവാഹം കഴിച്ചത്. ദുബായ് തുറമുഖത്ത് ജോലി ചെയ്യുകയായിരുന്നു അനീഷ്. വിവാഹശേഷം ഇരുവരും വിദേശത്തേക്ക് പോയി. അനീഷിന്റെ കാലുവേദനയ്ക്ക് ചികിത്സയ്ക്കായി 10 ദിവസം മുൻപാണ് ഇവർ നാട്ടിലെത്തിയത്. ഇരുവരും തമ്മിൽ നിരന്തരം വാക്കുതർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയും വാക്കേറ്റമുണ്ടായി. അനീഷ് വീട്ടിലെ വിളക്കെടുത്ത് ഭാര്യയുടെ തലയ്ക്കടിച്ചു. സംഭവസമയത്ത് അനീഷിന്റെ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനീഷിനെ വീട്ടിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു. നാട്ടിലെത്തിയ ശേഷം നിഖിത ഫോണ് വിളിക്കുന്നത് തന്നെ കുറിവായിരുന്നുവെന്ന് ബന്ധുക്കള് പറഞ്ഞു.
ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അനീഷിനെ വർക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം നിഖിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.