പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് വെള്ളക്കുതിരയെ സമ്മാനിച്ച് മംഗോളിയന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: മംഗോളിയ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മംഗോളിയൻ പ്രസിഡന്റ് ഖുരേൽസുഖ് വെള്ളക്കുതിരയെ സമ്മാനിച്ചു. മംഗോളിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നു രാജ്നാഥ് സിങ്.
കുതിരയ്ക്ക് തേജസ് എന്ന് പേരിട്ടിട്ടുണ്ടെന്നും മംഗോളിയയ്ക്ക് നന്ദി അറിയിക്കുന്നതായും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. വെള്ളക്കുതിരയുടെ ചിത്രവും അദ്ദേഹം തന്റെ ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയ സന്ദർശിച്ചപ്പോൾ കുതിരയെ സമ്മാനമായി ലഭിച്ചിരുന്നു. അന്ന് ലഭിച്ചത് ഒരു തവിട്ടു നിറത്തിലുള്ള റേസിംഗ് കുതിരയെയായിരുന്നു.
ഇരു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരവും പ്രതിരോധപരവുമായ ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച മുതൽ മംഗോളിയയിലും ജപ്പാനിലും അഞ്ച് ദിവസത്തെ സന്ദർശനം നടത്തുന്നുണ്ട്.