ഭാരത് ജോഡോ യാത്ര; കേരളത്തിലും വന്‍ തിരിച്ച് വരവ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്
തിരുവനന്തപുരം: ദേശീയ തലത്തിൽ വലിയ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കേരളത്തിലെ പാർട്ടിക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര നിർണായകമാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 19 ദിവസങ്ങളിലായി സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് യാത്ര നടത്തുക.
കോൺഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്ന ഏക സംസ്ഥാനം കേരളമായിരിക്കും എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസും പരസ്പരം ഏറ്റമുട്ടുന്ന പാർട്ടികളാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.
കേരള അതിർത്തിയായ കളിയിക്കാവിളയിൽ സെപ്റ്റംബർ 11ന് യാത്ര എത്തും. സംസ്ഥാനത്തെ 12 ലോക്സഭാ മണ്ഡലങ്ങളിലും 42 നിയമസഭാ മണ്ഡലങ്ങളിലും യാത്ര നടക്കും. എല്ലാ ദിവസവും രാവിലെ 7.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 7 വരെയും രാഹുലും സംഘവും നടക്കും. സെപ്റ്റംബർ 29ന് സംസ്ഥാനം വിടുന്നതിന് മുമ്പ് തൃശൂരിൽ നടക്കുന്ന പൊതുറാലിയെ രാഹുൽ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.