രാജ്പഥ് ഇന്ന് മുതൽ കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി: രാജ്പഥിന് ഇന്ന് മുതൽ പുതിയ പേര്. ഇന്ന് മുതൽ രാജ്പഥ് കാർത്തവ്യപഥ് എന്നറിയപ്പെടും. ഇന്ത്യാ ഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കര്‍ത്തവ്യ പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യൂ 608 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നടപ്പാതകളും ശൗചാലയങ്ങളും ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങളും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

നേരത്തെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന തെരുവിന്‍റെ പേര് ഞായറാഴ്ചയാണ് എൻ.ഡി.എം.സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക യോഗത്തിലാണ് പേര് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നേതാജി പ്രതിമയിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള റോഡും സമീപത്തെ പുൽത്തകിടിയും ഇനി മുതൽ ‘കർത്തവ്യപഥ്’ എന്നാണ് അറിയപ്പെടുക.

608 കോടി രൂപ ചെലവിൽ ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തുടക്കമായത്. ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും വശങ്ങളില്‍ മനോഹരമായ പുല്‍മൈതാനവും ഒരുക്കിയിട്ടുണ്ട്.