പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക പാര്‍ട്ടി നയമല്ല; എംവി ഗോവിന്ദന്
തിരുവനന്തപുരം: ഭക്ഷണം മാലിന്യത്തില്‍ എറിഞ്ഞ് സമരം ചെയ്ത തൊഴിലാളികളെ പിരിച്ചുവിട്ട മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധക്കാരെ പിരിച്ചുവിടുക എന്നത് പാർട്ടിയുടെ നയമല്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മേയറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മേയറുടെ നടപടി പിൻവലിക്കണമെന്നാണ് സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ ആവശ്യം. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയു പ്രവർത്തകരാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോഴാണ് അറവുശാലയിലെ മാലിന്യം ശേഖരിക്കാൻ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി രംഗത്തെത്തി. ഭക്ഷണം മാലിന്യങ്ങളിൽ വലിച്ചെറിയുന്ന രീതി സ്വീകാര്യമല്ല. പ്രതിഷേധത്തിന്റെ മറ്റ് രീതികൾ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മേയർ ഉചിതമായി ഇടപെടും. ട്രേഡ് യൂണിയനുമായി ചർച്ച ചെയ്ത ശേഷം നടപടി പിൻവലിക്കുന്ന കാര്യത്തിൽ മേയർ തീരുമാനമെടുക്കും.