ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം
കോഴിക്കോട്: കേരളത്തിൽ ആത്മഹത്യാനിരക്ക് വീണ്ടും വർധിച്ചു. കഴിഞ്ഞ നാല് വർഷത്തേക്കാൾ ഈ വർഷം ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ കുറഞ്ഞ നിരക്ക് 2021 ൽ ഗണ്യമായി വർദ്ധിച്ചു.
2017 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിനിടെ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2017ൽ 7870 പേർ ജീവനൊടുക്കി. ഒരു ലക്ഷം പേരിൽ 22.9 പേർ എന്ന നിരക്കാണ് 2017 രേഖപ്പെടുത്തിയത്. 2018 ൽ 8,237 (23.8) പേർ ആത്മഹത്യ ചെയ്തപ്പോൾ 2019 ൽ ഇത് 8,556 ആയി ഉയർന്നു. എന്നാൽ 2020 ൽ നേരിയ കുറവുണ്ടായി. 8,500 പേരാണ് ആ വർഷം ആത്മഹത്യ ചെയ്തത്. എന്നാൽ 2021 ൽ സംസ്ഥാനത്ത് വലിയ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 9,549 പേരാണ് ആത്മഹത്യ ചെയ്തത്. കണക്കുകൾ പ്രകാരം 2020 നെ അപേക്ഷിച്ച് 1,049 പേർ കൂടി ആത്മഹത്യ ചെയ്തു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആത്മഹത്യാ പ്രതിരോധ കേന്ദ്രമായ ‘തണൽ’ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ അവലോകനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.
2021 ൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1416. തിരുവനന്തപുരത്തെ നിരക്ക് ഒരു ലക്ഷത്തിന് 42 ആണ്. ഏറ്റവും കുറവ് നിരക്ക് (11.2) മലപ്പുറത്താണ്. 1068 പേർ ആത്മഹത്യ ചെയ്ത കൊല്ലം രണ്ടാം സ്ഥാനത്താണ്. ആത്മഹത്യ ചെയ്തവരിൽ 44 ശതമാനവും 15 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. 4,249 പേരാണ് ഈ പ്രായപരിധിയിൽ ആത്മഹത്യ ചെയ്തത്. 46 നും 59 നും ഇടയിൽ പ്രായമുള്ള 2,659 പേർ ആത്മഹത്യ ചെയ്തപ്പോൾ 60 വയസ്സിന് മുകളിലുള്ള 2,558 പേർ ആത്മഹത്യ ചെയ്തു.